ന്യൂഡല്‍ഹി: കേസില്‍ പ്രതിയായാലും അല്ലെങ്കിലും കസ്റ്റഡിയില്‍ ഉള്ള ഒരു സ്ത്രീയുടെ കന്യകാത്വ പരിശോധന നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി.
ഒരു വ്യക്തിയുടെ അടിസ്ഥാന അന്തസ്സ് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന്, അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട സിസ്റ്റര്‍ സെഫി നല്‍കിയ ഹര്‍ജിയില്‍ കോടതി പറഞ്ഞു. കേസില്‍ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ വിധിച്ചു.
ജുഡീഷ്യല്‍ കസ്റ്റഡിയിലോ പൊലീസ് കസ്റ്റഡിയിലോ ഉള്ള വനിതാ തടവുകാരിയുടെ കന്യകാത്വ പരിശോധന നടത്തുന്നതു ഭരണഘടനാ വിരുദ്ധമാണ്. അതു ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നു കോടതി പറഞ്ഞു. ക്രിമിനല്‍ കേസ് പ്രതിയാണെന്നു കരുതി കന്യകാത്വ പരിശോധന നടത്താനാവില്ല. ഇരയാണോ പ്രതിയാണോ എന്നതൊന്നും ഇത്തരം പരിശോധനയ്ക്കു ന്യായീകരണമല്ലെന്നു കോടതി പറഞ്ഞു.
പരിശോധന നടത്തിയ സിബിഐക്കെതിരെ സിസ്റ്റര്‍ സെഫിക്കു നിയമ നടപടികളുമായി മുന്നോട്ടുപോവാമെന്ന് കോടതി പറഞ്ഞു. ഇത്തരം പരിശോധനകളില്‍ ഉദ്യോഗസ്ഥര്‍ക്കു ബോധവത്കരണം നടത്താന്‍, 2009ല്‍ സിസ്റ്റര്‍ സെഫി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടു സിബിഐക്കു കോടതി നിര്‍ദേശം നല്‍കി.
തന്റെ സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്തിയെന്നും അതിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടെന്നും സിസ്റ്റര്‍ സെഫി കോടതിയെ അറിയിച്ചിരുന്നു. കന്യാചര്‍മം വച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയ നടത്തിയെന്ന തെറ്റായ കഥ സിബിഐ പ്രചരിപ്പിച്ചെന്നും അവര്‍ പറഞ്ഞു.
കന്യകാത്വ പരിശോധനയ്ക്ക് എതിരെ നല്‍കിയ പരാതി നേരത്തെ മനുഷ്യാവകാശ കമ്മിഷന്‍ തള്ളിയിരുന്നു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് സിസ്റ്റര്‍ സെഫി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
The post കന്യകാത്വ പരിശോധന നടത്തുന്നത് ഭരണഘടനാ വിരുദ്ധം; സിബിഐക്കെതിരെ സിസ്റ്റര്‍ സെഫിക്കു നിയമ നടപടികളുമായി മുന്നോട്ടുപോവാം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/xqH8FRI
via IFTTT
No comments:
Post a Comment