നെടുങ്കണ്ടം: രാജ്കുമാർ കസ്റ്റഡിമരണത്തിന് ഒരുവയസ്സ് തികയുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇനിയും അനേകമാണ്. രാജ്കുമാറിനെ ക്രൂരമായി മർദിച്ചതാരെല്ലാം..? ആരുടെ നിർദേശപ്രകാരം...? തട്ടിപ്പ് നടത്തി സമ്പാദിച്ച പണമെവിടെ...? പോലീസുകാർ പ്രതിസ്ഥാനത്തുള്ള കേസിൽ ഇവയ്ക്കൊന്നും കൃത്യമായ ഉത്തരം തരാൻ മാറിമാറിവന്ന അന്വേഷണ സംഘങ്ങൾക്കും, ജുഡീഷ്യൽ കമ്മിഷനും ഇനിയും സാധിച്ചിട്ടില്ല. തട്ടിപ്പ് വിളഞ്ഞ ഹരിത ഫിനാൻസ് സ്വാശ്രയ സംഘങ്ങൾക്കും വ്യക്തികൾക്കും ലക്ഷങ്ങൾ വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഹരിത ഫിനാൻസ് എന്ന സ്വകാര്യ സ്ഥാപനം തട്ടിപ്പ് നടത്തിയത്. 2019 ജനുവരി മുതലാണ് സ്ഥാപനത്തിലെ ജീവനക്കാർ തൂക്കുപാലം പ്രദേശത്തുനിന്ന് പണം തട്ടാൻ തുടങ്ങിയത്. സ്ഥാപന ഉടമ രാജ്കുമാറായിരുന്നെങ്കിലും മഞ്ജു, ശാലിനി എന്നീ സ്ത്രീകളെ മുൻ നിർത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. മാസങ്ങൾ പിന്നിട്ടിട്ടും വായ്പത്തുക നൽകാതായതോടെ നാട്ടുകാർ ജൂൺ 12-ന് രാജ്കുമാറിനെയും, ശാലിനി, മഞ്ജു എന്നിവരെയും പോലീസിൽ ഏൽപ്പിച്ചത്. മൂന്നാം മുറയുടെ മൂന്ന് ദിനങ്ങൾ... രാജ്കുമാർ ഉൾപ്പെടെ മൂന്ന് പ്രതികളെയാണ് തട്ടിപ്പ് കേസിൽ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തത്. ശാലിനിയെയും മഞ്ജുവിനെയും 13-ന് പോലീസ് കോടതിയിൽ ഹാജരാക്കിയെങ്കിലും രാജ്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. പിന്നീടുള്ള മൂന്നുദിവസം ഉരുട്ടൽ അടക്കമുള്ള പ്രാകൃതവും ക്രൂരവുമായി മൂന്നാംമുറകൾക്കാണ് രാജ്കുമാർ വിധേയനായത്. അവശനായ രാജ്കുമാറിന് ആദ്യം തിരുമ്മ് ചികിത്സയും പിന്നീട് നെടുങ്കണ്ടം താലൂക്കാശുപത്രിയിലും എത്തിച്ചു. പതിനാറിന് സ്ട്രെച്ചറിലാണ് രാജ്കുമാറിനെ മജിസ്ട്രേറ്റിന് മുന്നിൽ എത്തിച്ചതും, തുടർന്ന് പീരുമേട് ജയിലിലേക്ക് റിമാൻഡിൽ അയച്ചതും. പീരുമേട് ജയിലിൽ വെച്ചും ആരോഗ്യപ്രശ്നങ്ങൾ നേരിട്ട രാജ്കുമാറിനെ പീരുമേട് താലൂക്കാശുപത്രിയിലും, കോട്ടയം മെഡിക്കൽ കോളേജ് ആശൂപത്രിയിലേക്കും കൊണ്ടുപോയി. സ്ഥിതി വഷളായതോടെ ജയിലിൽ വെച്ച് 21-ന് രാജ്കുമാർ മരണത്തിന് കീഴടങ്ങി. ആദ്യം ക്രൈംബ്രാഞ്ച്...ഒപ്പം ജുഡീഷ്യൽ കമ്മിഷനും കസ്റ്റഡിമരണമാണെന്ന് ആരോപണം ഉയർന്നതോടെ ഐ.ജി.യുടെ നിർദേശംപ്രകാരം മുൻ എസ്.പി. കെ.ബി.വേണുഗോപാൽ എട്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. അദ്യഘട്ടത്തിൽ നെടുങ്കണ്ടം സി.ഐ.യടക്കം അഞ്ചുപേരെയും, പിന്നീട് സ്റ്റേഷിനലെ മൂന്നുപേരൊഴിച്ച് മുഴുവൻ പോലീസുകാരെയും സ്ഥലംമാറ്റി. കസ്റ്റഡി മരണക്കേസിൽ ഒന്നാംപ്രതിയായ എസ്.ഐ. കെ.എ.സാബു, എ.എസ്.ഐ. സി.ബി.റെജിമോൻ, പോലീസ് ഡ്രൈവർമാരായ പി.എസ്.നിയാസ്, സജീവ് ആന്റണി, എ.എസ്.ഐ.യും റൈറ്ററുമായ റോയി പി.വർഗീസ്, സി.പി.ഒ. ജിതിൻ കെ.ജോർജ്, ഹോംഗാർഡ് കെ.എം.ജെയിംസ് എന്നിവരെ മൂന്ന് ഘട്ടങ്ങളിലായി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തട്ടിപ്പ് കേസിൽ ജനങ്ങൾക്ക് നഷ്ടമായ പണം രാജ്കുമാർ കുമളിയിലെത്തിച്ചതായി വിവരം പുറത്തുവന്നെങ്കിലും പണം കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായില്ല. ആരോപണ വിധേയനായ ജില്ലാ പോലീസ് മേധാവിയെ സർക്കാർ സ്ഥലംമാറ്റി. കേസിനെത്തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദം മൂലം സർക്കാർ ജസ്റ്റിസ് നാരായണക്കുറുപ്പിനെ ജുഷീഷ്യൽ കമ്മിഷനായി നിയമിച്ചു. കമ്മിഷൻ ഇതുവരെയും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. Read Also:കണ്ണീരോടെ അവർ പറയുന്നു; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം..... റീ പോസ്റ്റുമോർട്ടം...ഒടുവിൽ സി.ബി.ഐ. കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ നടത്തിയ രാജ്കുമാറിന്റെ മൃതദേഹ പരിശോധന നിരവധി പിഴവുകളാണ് സംഭവിച്ചത്. മരണകാരണം ന്യൂമോണിയയാണെന്ന് വ്യക്തമായെങ്കിലും ഇതിലേക്ക് നയിച്ചത് കസ്റ്റഡി മർദനമാണോയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയില്ല. ഇതേത്തുടർന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് മൃതദേഹം റീ-പോസ്റ്റുമോർട്ടം നടത്താൻ ഉത്തരവിട്ടു. 2019 ജൂലായ് 29-ന് സെമിത്തേരിയിൽനിന്ന് മൃതദേഹം പുറത്തെടുത്ത് കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിൽ റീ പോസ്റ്റുമോർട്ടം നടത്തി. ക്രൂരമായ പോലീസ് മർദനം നടന്നതിന്റെയും, ഹൃദ്രോഗിയായിരുന്ന രാജ്കുമാറിന് മർദനം മൂലമാണ് ന്യൂമോണിയ ബാധ ഉണ്ടായതെന്നും റീ പോസ്റ്റുമോർട്ടത്തിലൂടെ വ്യക്തമായി. രാജ്കുമാർ ചില ഉന്നതരുടെ ബിനാമിയാണെന്ന് ആരോപണം ഉയർന്നതോടെ രാജ്കുമാറിന്റെ ബന്ധുക്കൾ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് സർക്കാർ കസ്റ്റഡി മരണക്കേസും സാമ്പത്തിക തട്ടിപ്പുകേസും സി.ബി.ഐ.ക്ക് കൈമാറിയത്. സി.ബി.ഐ.യുടെ തിരവനന്തപുരം യൂണിറ്റാണ് രണ്ട് കേസുകളും അന്വേഷിക്കുന്നത്. ഇതിനിടെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് പ്രതികളെയെല്ലാം സി.ബി.ഐ.വീണ്ടും അറസ്റ്റു ചെയ്തു. എന്നാൽ, സാബു ഒഴികെയുള്ള മറ്റാരുടെയും ജാമ്യം പിൻവലിക്കാത്തതിനാൽ ഇവരെ സി.ബി.ഐ.ക്ക് വിട്ടയക്കേണ്ടി വന്നു. പ്രതികൾ ജില്ലയിൽ പ്രവേശിക്കരുതെന്ന് വ്യവസ്ഥയിലാണ് ജാമ്യം. Content Highlights:nedumkandam rajkumar custodial death
from mathrubhumi.latestnews.rssfeed https://ift.tt/2Boqzva
via
IFTTT
No comments:
Post a Comment