ഹരിയാനയിലെ ലോഹറുവില്‍ കത്തിക്കരിഞ്ഞ വാഹനത്തില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി പൊലീസ്.
പശുക്കടത്താരോപിച്ചാണ് രാജസ്ഥാനില്‍ നിന്നുള്ള രണ്ട് മുസ്ലീം യുവാക്കളെ ചുട്ടുകൊന്നത്. ടാക്സിഡ്രൈവറായ ഹരിയാന സ്വദേശി റിങ്കു സൈനി ആണ് സംഭവത്തില്‍ അറസ്റ്റിലായത്. പ്രതികളായ അഞ്ച് പേരില്‍ ഒരാളാണ് സൈനി. കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങള്‍ നല്‍കിയ പരാതിയില്‍ അഞ്ച് പേരെ പരാമര്‍ശിച്ചിരുന്നു.
രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ ഘട്മീക ഗ്രാമത്തിലെ താമസക്കാരായ നസീര്‍ (25), ജുനൈദ് എന്ന ജുന (35) എന്നിവരെയാണ് ബുധനാഴ്ച തട്ടിക്കൊണ്ടുപോയതും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയതും. വ്യാഴാഴ്ച രാവിലെ ഹരിയാനയിലെ ഭിവാനിയിലെ ലോഹരുവിലാണ് കത്തിക്കരിഞ്ഞ ബൊലേറോ എസ്‌യുവിക്കുള്ളില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അനില്‍, ശ്രീകാന്ത്, റിങ്കു സൈനി, ലോകേഷ് സിംഗ്ല, മോഹിത് യാദവ് എന്ന മോനു മനേസര്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി രാജസ്ഥാന്‍ പൊലീസ് ഓഫീസര്‍ ശ്യാം സിംഗ് പറഞ്ഞു. കൊല്ലപ്പെട്ട യുവാക്കളെ ബുധനാഴ്ച രാജസ്ഥാനില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ അസീന്‍ ഖാന്‍ എന്നയാളാണ്. കൊല്ലപ്പെട്ടവരുടെ പരിചയക്കാരനാണ് ഇയാള്‍. കൊല്ലപ്പെട്ട ജുനൈദിനെതിരെ അഞ്ചോളം അനധികൃത പശുക്കടത്ത് കേസുകള്‍ ഉണ്ട്. നസീറിന് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ല.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കൊലപാതകത്തെ അപലപിച്ചു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ഒരു പ്രതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
ബജ്റംഗ്ദളിന്റെ പേര് അനാവശ്യമായി കേസിലേക്ക് വലിച്ചിഴയ്ക്കുന്നെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ നിന്ന് രണ്ട് പശുക്കടത്തുകാരെ കാണാതായിട്ടുണ്ടെന്നും അവര്‍ക്കെതിരെ നിരവധി പശുക്കടത്ത് കേസുകള്‍ ഉണ്ടെന്നും വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞിരുന്നു. ഇതില്‍ ഒരാളുടെ സഹോദരന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പേരുകള്‍ പറഞ്ഞതിന്റെ പേരില്‍ രാജസ്ഥാന്‍ പൊലീസ് പ്രാഥമിക അന്വേഷണം പോലുമില്ലാതെ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ ബജ്‌റംഗ്ദളിനെ അനാവശ്യമായി വലിച്ചിഴക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണ് രാജസ്ഥാന്‍ പൊലീസിന്റെ നടപടി. ബജ്‌റംഗ്ദളിന്റെ പേര് ഈ വിഷയത്തിലേക്ക് അനാവശ്യമായി വലിച്ചിഴക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. തെറ്റായ ആരോപണങ്ങള്‍ പിന്‍വലിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്നും സുരേന്ദ്ര ജെയിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
The post പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനി യുവാക്കളെ ചുട്ടുകൊന്ന സംഭവം; ഒരാള്‍ അറസ്റ്റിൽ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/L9FBbrt
via IFTTT
No comments:
Post a Comment