കഥ പറഞ്ഞു ഫലിപ്പിക്കാൻ എനിക്കറിയില്ല. പക്ഷേ, എഴുതിഫലിപ്പിക്കാനറിയാം -അട്ടപ്പാടിയിലെ അയ്യപ്പനും കോശിയും എന്ന സിനിമയുടെ സെറ്റിലിരുന്ന് സച്ചിദാനന്ദൻ എന്ന സച്ചി ഇത് പറയുമ്പോൾ അയ്യപ്പൻ നായരും കോശി കുര്യനും മുഖാമുഖം നിൽക്കുകയായിരുന്നു, തോറ്റുകൊടുക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ട്. സച്ചിയുടെ ജീവിതവും ചെറുത്തുനിൽപ്പിന്റേതും അതിജീവനത്തിന്റേതുമായിരുന്നു. കൊടുങ്ങല്ലൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറിയിൽ പത്താം ക്ലാസ് പൂർത്തിയാക്കിയ സച്ചി മാല്യങ്കര എസ്.എൻ.എം. കോളേജിൽനിന്ന് ബിരുദവും എറണാകുളം ലോ കോളേജിൽനിന്ന് എൽഎൽ.ബി.യും നേടി. പഠനകാലത്തുതന്നെ അമച്വർ നാടകങ്ങളിൽ സക്രിയമായിരുന്നു. ആദ്യ സ്വതന്ത്രരചനതന്നെ സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രം റൺ ബേബി റണ്ണിലൂടെയായിരുന്നു ആദ്യ സ്വതന്ത്രരചന. ഒറ്റയ്ക്കുള്ള യാത്രയിലും വിജയം സച്ചിക്കൊപ്പമുണ്ടായിരുന്നു. ബിജുമേനോൻ, സുരേഷ് കൃഷ്ണ, പി. സുകുമാർ തുടങ്ങിയ സുഹൃത്തുക്കൾക്കൊപ്പം തക്കാളി ഫിലിംസിലൂടെ സച്ചി നിർമാണത്തിലേക്കും കടന്നു. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ പ്രണയചിത്രം അനാർക്കലിയിലൂടെ സച്ചി സംവിധാനത്തിലേക്കു കടന്നു. പൃഥ്വിരാജ്, ബിജുമേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ അനാർക്കലി മലയാളി അന്നുവരെ കാണാത്ത ലക്ഷദ്വീപ് കാഴ്ചകളിലേക്കുള്ള വാതിൽകൂടിയായിരുന്നു. രചയിതാവ് എന്നനിലയിൽ സച്ചിയുടെ മൂല്യം വർധിച്ച ചിത്രമാണ് ദിലീപിന്റെ രാമലീല. സൈബർ ആക്രമണങ്ങൾക്കുവിധേയമായുംമറ്റും പ്രതികൂല കാലാവസ്ഥയിൽ പ്രദർശനത്തിനെത്തേണ്ടിവന്നിട്ടും ചിത്രം പ്രേക്ഷകർക്കിടയിൽ ചർച്ചയായി. ക്ലൈമാക്സിലെ ട്വിസ്റ്റ് വിജയത്തിന് മുതൽക്കൂട്ടാകുകയായിരുന്നു. രാമലീലയ്ക്കുശേഷം എഴുത്തിനായി സിനിമയിൽനിന്ന് ഇടവേളയെടുത്ത സച്ചി രണ്ട് ഹിറ്റുകളുമായി തിരിച്ചുവന്നു. പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസിന്റെ കഥയും തിരക്കഥയും സച്ചിയുടേതായിരുന്നു. പൃഥ്വിരാജിനെയും ബിജുമേനോനെയും തുല്യപ്രാധാന്യത്തിൽ അവതരിപ്പിച്ച അയ്യപ്പനും കോശിയുമാണ് സച്ചിയുടെ സംവിധാനത്തിലെത്തിയ രണ്ടാംചിത്രം. സച്ചി എഴുതിയ തിരക്കഥകളിൽ പകുതി സിനിമകളിലും പൃഥ്വിരാജായിരുന്നു പ്രധാനവേഷത്തിൽ. ഏറ്റവും എളുപ്പത്തിൽ സമീപിക്കാവുന്ന നടനാണ് പൃഥ്വിയെന്ന് സച്ചി പലവട്ടം പറഞ്ഞിട്ടുണ്ട്. ജയൻ നമ്പ്യാർ സംവിധാനംചെയ്യുന്ന സച്ചിയുടെ അടുത്ത ചിത്രത്തിൽ പൃഥ്വിരാജ് തന്നെയായിരുന്നു നായകൻ. എന്നും സിനിമകളുടെ ക്ലൈമാക്സിൽ പ്രേക്ഷകർക്കായി ഒരു സസ്പെൻസ് സച്ചി കരുതിവെക്കാറുണ്ട്. അതിനെക്കുറിച്ച് സച്ചിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഞാൻ ഹൈക്കോടതിയിൽ ക്രിമിനൽ അഭിഭാഷകനായിരുന്നു. ഒരു കേസ് ചെയ്യുമ്പോൾ യുക്തികൂടാതെ അതിനെ സമീപിക്കാൻ പറ്റില്ല. അതിനാൽ തിരക്കഥ എഴുതുമ്പോഴും യുക്തിയുള്ള കാര്യങ്ങൾമാത്രമാണ് എഴുതുക. തിരക്കഥയിൽ ആദ്യവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സന്ദർഭങ്ങൾ വേണം. അവസാനമെത്തുമ്പോൾ പ്രേക്ഷകന് ഒരു സർപ്രൈസ് കൊടുക്കുക. ആ ത്രില്ലിങ് ഫാക്ടർ പലപ്പോഴും എന്റെ ഉള്ളിലുള്ള വക്കീലിന്റെ സൃഷ്ടിയായിരിക്കാം. കൊമേഴ്സ്യൽ സിനിമയിൽ അങ്ങനെയൊരു സർപ്രൈസ് ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു -സച്ചിയുടെ വാക്കുകൾ ഇങ്ങനെ. സച്ചി ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോഴും അത്തരമൊരു ട്വിസ്റ്റ് എല്ലാ സിനിമാപ്രേക്ഷകരും പ്രതീക്ഷിച്ചിരുന്നു. മരണത്തിന് പിടികൊടുക്കാതെ ഒരു അദ്ഭുതപ്പെടുത്തുന്ന തിരിച്ചുവരവ്. എന്നാൽ, ജീവിതത്തിൽ ട്വിസ്റ്റുകൾക്ക് ഇടനൽകാതെ സച്ചി യാത്രയായി. കോടതിമുറിയിൽനിന്ന് ക്യാമറയ്ക്കുപിന്നിലേക്ക് സ്വപ്നംകണ്ട പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠനം ഉപേക്ഷിച്ച ബി.കോം ബിരുദധാരി ഹൈക്കോടതി വക്കീലായതും കോടതിമുറിയിൽനിന്ന് തിരക്കഥയുടെ ലോകത്തേക്കെത്തുന്നതും സിനിമാക്കഥ പോലെയായിരുന്നു. കോടതിമുറിയിൽനിന്ന് സിനിമയിലേക്കെത്തിയ സച്ചിക്ക് കന്നി അനുഭവങ്ങളും അത്ര ആഹ്ലാദകരമായിരുന്നില്ല. സംവിധാനംചെയ്യാനിരുന്ന ആദ്യസിനിമ പൂജയ്ക്കുശേഷം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീടുള്ള കുതിപ്പ് അതിവേഗമായിരുന്നു. വാണിജ്യഘടകങ്ങൾ കൃത്യമായി ചേർത്തുള്ള രചനകളാണ് സച്ചിയെന്ന രചയിതാവിനെയും സംവിധായകനെയും പ്രേക്ഷകരോട് ചേർത്തുനിർത്തിയത്. സച്ചിയും സേതുവും ചേർന്നായിരുന്നു എഴുത്തിന്റെ തുടക്കം. മൂന്നുമാസംകൊണ്ടാണ് സച്ചി-സേതു ടീം ഷാഫിക്കുവേണ്ടി ചോക്ലേറ്റിന്റെ രചന പൂർത്തിയാക്കിയത്. പൃഥ്വിരാജ് നായകനായ ചിത്രം കാമ്പസുകളിൽ തരംഗമായി. ജോഷിയുടെ സംവിധാനത്തിൽ റോബിൻഹുഡ്, ഷാഫിക്കൊപ്പം മേക്കപ്പ്മാൻ, വൈശാഖുമായി ചേർന്ന് സീനിയേഴ്സ് എന്നിങ്ങനെ ഹിറ്റുകളുടെ പരമ്പര സച്ചിയെയും സേതുവിനെയും മലയാളത്തിലെ തിരക്കുള്ള രചയിതാക്കളാക്കി മാറ്റി. എഴുത്തിലെ കൂട്ടുകെട്ടിനെക്കുറിച്ചും പിന്നീട് വേർപിരിഞ്ഞ് സ്വതന്ത്ര രചയിതാക്കളും സംവിധായകരുമായതിനെക്കുറിച്ചും സച്ചിക്ക് കൃത്യമായ അഭിപ്രായമുണ്ടായിരുന്നു. ഒരിക്കൽ അതേക്കുറിച്ചുചോദിപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു: എനിക്കും സേതുവിനും പലപ്പോഴും രണ്ടഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെമുകളിൽ ഞങ്ങൾ തർക്കിച്ചിട്ടുണ്ട്. രണ്ടുപേർക്കും യോജിക്കാൻപറ്റുന്ന ഇടങ്ങൾ ഉണ്ടായതുകൊണ്ടാണ് ഇത്രയും വിജയസിനിമകൾ ഉണ്ടായത്. സ്വതന്ത്ര രചയിതാക്കളായതോടെ തർക്കത്തിന്റെ പ്രശ്നം ഇല്ലാതായി. എന്റെ ശരികൾ എനിക്ക് എഴുതാനായി. വേർപിരിയൽ എനിക്കും സേതുവിനും ഗുണകരമായി. ഞങ്ങൾ പിരിയാനായി ഒന്നിച്ചവരായിരുന്നു. കാരണം, രണ്ടുപേരുടെയും സിനിമാസങ്കൽപ്പങ്ങൾ വേറെവേറെയായിരുന്നു. അതിനാൽ പിരിയൽ ഒരിക്കലും ഞങ്ങളിൽ പ്രതിബന്ധങ്ങൾ തീർത്തിട്ടില്ല. Content Highlights :sachy director passes away ayyapanum koshiyum movie anarkkali driving license
from mathrubhumi.latestnews.rssfeed https://ift.tt/30SyCuZ
via
IFTTT
No comments:
Post a Comment