ഉത്തേജനമെന്നാല്‍ വിറ്റുതുലയ്ക്കലോ? - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Sunday, May 17, 2020

ഉത്തേജനമെന്നാല്‍ വിറ്റുതുലയ്ക്കലോ?

സാമ്പത്തിക ശാസ്ത്രത്തെത്തന്നെ അട്ടിമറിക്കുന്ന തരത്തിലുള്ള ഉത്തേജകഭാണ്ഡങ്ങളാണ് കോവിഡുകൊണ്ട് പൊറുതിമുട്ടി വീർപ്പുമുട്ടുന്ന ഇന്ത്യൻ സമ്പദ്ഘടനയെ രക്ഷിച്ചു വികസിപ്പിക്കാനെന്നപേരിൽ ഭരണകൂടം അഴിച്ചുവിടുന്നത്. ഉത്തേജനമാണു ലക്ഷ്യമെങ്കിലും അതിൽ പഴയവീഞ്ഞും പഴയ കുപ്പിയും മാത്രമല്ല, പഴയ തൊഴിൽ നിയമങ്ങളുടെ തിരസ്കാരവും പെടും. ഉത്തേജനമെന്നാൽ കുടുംബത്തിന്റെ സകല ആസ്തിയും ഈ വിലയില്ലാക്കാലത്ത് വിറ്റുതുലച്ച് കാർന്നോർമാർക്ക് കടത്തിക്കൊണ്ടുപോകാമെന്ന പുത്തൻ സാമ്പത്തികശാസ്ത്ര കണ്ടുപിടിത്തവും പെടും. ഉത്തേജനം എന്ന സാമ്പത്തികതത്ത്വം കടംകൊടുത്തു കടം വാങ്ങലിന്റെ അയ്യരുകളിയായും വ്യാഖ്യാനിക്കാം. എന്നാൽ, ഇതിലെ ഒരു പ്രധാന വൈരുധ്യം ഭരണകൂടത്തിന്റെ പറച്ചിലും പ്രവൃത്തിയും തമ്മിലുള്ള അന്തംവിട്ട അന്തരമാണ്. ദേശസ്നേഹം, ദേശഭക്തി, ദേശമാഹാത്മ്യം എന്നിവ പറഞ്ഞും പാടിയും ജനങ്ങളെ ഉത്തേജിപ്പിക്കുകയും എന്നാൽ, സ്ഥാനത്തും അസ്ഥാനത്തും വിദേശമൂലധനത്തെ കെട്ടിപ്പിടിച്ച്, ഉമ്മവെച്ച് ഈ കോവിഡ്കാലത്തും വശീകരിച്ചു കൊണ്ടുവരുകയും ചെയ്യുക. രാജ്യസുരക്ഷ, ശൂന്യാകാശമേഖല, ആണവോർജമേഖല, ആശുപത്രി, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ രാജ്യത്തിന്റെ എല്ലാ മേഖലയിലും വിഹരിക്കാൻ അനുവദിക്കുക... ഇന്ത്യയെ ഒരുനൂറ്റാണ്ടോളം അമ്മാനമാടി വ്യവഹരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുപോലും ഒരു ശ്രമവുംകൂടാതെ ഇത്രയും ഭാഗ്യം കിട്ടിയിട്ടില്ല. ഈ ഇരട്ടത്താപ്പ് കാണാനോ പ്രതികരിക്കാനോ കഴിയാതെ ഉഴലുന്ന ജനതയും ഉശിരില്ലാതെ ഉരുകുന്ന പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികളുമാണ് കാഴ്ചയുടെ മറുവശത്ത്. ഈ അഞ്ചു ഉത്തേജക ഭാണ്ഡങ്ങളെയും അഴിച്ച്, അരിച്ചുപെറുക്കി വിശകലനം ചെയ്യൽ ഇനി മുറയ്ക്കു നടക്കും. അതിൽ അതിയായി സന്തോഷിക്കുന്നവർ ഉണ്ടാവും. പ്രത്യേകിച്ച് വ്യവസായ-വാണിജ്യ പ്രമുഖർ. ചെറുകിടക്കാർക്ക് അല്പം സൗജന്യങ്ങൾ ഉണ്ടെങ്കിലും അതു മുഴുവൻ ഇടത്തരക്കാർ (എം.എസ്.എം.ഇ.യിലെ രണ്ടാമത്തെ എം-മീഡിയം എന്റർപ്രൈസ്) അടിച്ചുകൊണ്ടുപോവും. അതാണ് അനുഭവം. കോർപ്പറേറ്റ് ഭീമന്മാർ എല്ലാവരും സന്തോഷിക്കണമെന്നില്ല. അതുകൊണ്ടാണല്ലോ അസിം പ്രേംജി പറഞ്ഞത് സകലമാന തൊഴിൽ നിയമങ്ങളും എടുത്തുകളഞ്ഞതുകൊണ്ട് ഇവിടെ നിക്ഷേപം വരുകയോ, വ്യവസായം വളരുകയോ ചെയ്യില്ലെന്ന്. കാരണം, അദ്ദേഹത്തിനു ചരിത്രമറിയാം. ആധുനിക വ്യവസായങ്ങളും സാങ്കേതിക വിദ്യകളും പശ്ചാത്തലസൗകര്യങ്ങളുമെല്ലാം യൂറോപ്പിലും അമേരിക്കയിലും ജപ്പാനിലും വളർന്നുവികസിച്ചു പന്തലിച്ചത് ഒരുഭാഗത്ത് വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ നേട്ടങ്ങൾ വഴിയും മറുഭാഗത്ത് തൊഴിലാളിപ്രസ്ഥാനങ്ങളുടെ പ്രയത്നഫലമായി കൈവരിച്ച നല്ല വേതനം, തൊഴിലിടം, തർക്കപരിഹാരം എന്നിവയിൽക്കൂടിയുമാണ്. ഇതിനുള്ള രാഷ്ട്രീയ ഇടം ഉണ്ടാവുന്നത് വെറും ഭരണകൂടം ഒരു വികസന ഭരണകൂടമായി മാറുന്നതോടുകൂടിയാണ്. ഈയൊരു അവസ്ഥ കൂടുതൽ പ്രബലമായത് രണ്ടാം ലോകയുദ്ധശേഷമാണ്. അതിനു സഹായിച്ച സാമ്പത്തികശാസ്ത്രമാണ് കെയ്നീഷ്യൻ സാമ്പത്തിക ശാസ്ത്രം. അന്നു തോറ്റുതുന്നംപാടിയ വലതുസാമ്പത്തിക ശാസ്ത്രമായ വിപണിയും പണവും (മാർക്കറ്റ് ആൻഡ് മണി) പിന്നീടു ശക്തമായി ഐ.എം.എഫ്., ലോകബാങ്ക് പ്രഭൃതികളിൽക്കൂടി വന്നു മിക്ക വികസ്വരരാജ്യങ്ങളെയും ഒരു പരുവത്തിലാക്കി. ഇന്നതൊരു തിരിച്ചുപോക്കിലാണ്. പലവഴിയിലൂടെ. ട്രംപിന്റെ ആക്രമണം ഒരുഭാഗത്ത്. ബെർനീ സാൻഡേഴ്സ് പ്രതിനിധാനംചെയ്യുന്ന ഒരു വിശാലശക്തി മറുഭാഗത്തുനിന്നും. ഒരു തരത്തിലും സന്തോഷിക്കാൻ വകയില്ലാത്ത വേറൊരു വലിയവിഭാഗം ഈ രാജ്യത്തുണ്ട്. സ്ഥിരജോലിയില്ലാത്ത തൊഴിലെടുക്കുന്നവർ, താഴെക്കിടയിലെ മധ്യവർത്തികൾ, കാശുകൊടുത്തു ഉന്നതവിദ്യാഭ്യാസം നേടാൻ കഴിയാത്ത ചെറുപ്പക്കാർ, ഇപ്പറഞ്ഞ വിഭാഗങ്ങളിലെ സ്ത്രീകൾ, ആർക്കും വേണ്ടാത്ത ദരിദ്രർ, കൂലിവേലയ്ക്കുവേണ്ടി തെണ്ടുന്ന അതിഥിതൊഴിലാളികൾ. ഇവർക്കുവേണ്ടി ഈ ഉത്തേജക ഭാണ്ഡങ്ങളിലള്ളത് കുറച്ചു നക്കാപ്പിച്ച സാധനങ്ങളാണ്. ഈ രണ്ടുവിഭാഗങ്ങളെയും മുൻനിർത്തി ഒരു താരതമ്യപഠനം നടത്തിയാൽ ഭരണകൂടത്തിന്റെ വർഗസ്വഭാവം തെളിഞ്ഞുവരും. അത് അവരുടെ കൂടെനിൽക്കുന്ന തൊഴിലാളിസംഘടനയ്ക്കുകൂടി വല്ലാതെ അസഹ്യമായിട്ടുണ്ട് എന്ന വാർത്ത ഓർക്കുക. സാമ്പത്തികക്രമത്തിന്റെ കാര്യത്തിൽ പല രാജ്യങ്ങളിലും ഈ കോവിഡുകാലം ഒരു പുനർവിചിന്തനം ഉണ്ടാക്കും. എന്നാൽ, ലോക്കലിനെ വോക്കലാക്കൂ എന്നു പറയുകയും വോക്കലിനെ ഗ്ലോബലാക്കുകയും ചെയ്യുന്ന തന്ത്രമാണിവിടെ കാണുന്നത്. ഇതാണോ ചാണക്യതന്ത്രം? (സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്, മുൻ ഡയറക്ടറാണ് ലേഖകൻ)


from mathrubhumi.latestnews.rssfeed https://ift.tt/3bG9XLV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages