മഹാമാരിയുടെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ ഫെഡറലിസം തകര്‍ക്കുന്നു: കനിമൊഴി - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Sunday, May 17, 2020

മഹാമാരിയുടെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ ഫെഡറലിസം തകര്‍ക്കുന്നു: കനിമൊഴി

ചെന്നൈ: കൊവിഡ് 19-ന്റെ മറവിൽ ഇന്ത്യയുടെ ഫെഡറൽ ഘടന തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന് ഡി.എം.കെ. നേതാവ് കനിമൊഴി എം.പി. അഭിപ്രായപ്പെട്ടു. ഡൽഹിയിലിരുന്ന് കാര്യങ്ങൾ അടിച്ചേൽപിക്കുന്ന നയം അംഗീകരിക്കാനാവില്ല. തന്റെ ലോക്സഭ മണ്ഡലമായ തൂത്തുക്കുടിയിലെ വീട്ടിൽനിന്ന് മാതൃഭൂമി ഡോട്ട് കോമുമായി ടെലിഫോണിൽ സംസാരിക്കുകയായിരുന്നു കനിമൊഴി. എന്താണ് ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്ക് സംഭവിക്കുന്നതെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്? തീർച്ചയായും. ഫെഡറലിസത്തെ അവഗണിച്ചുകൊണ്ട് ഒരു കേന്ദ്ര സർക്കാരിനും മുന്നോട്ടുപോവാനാവില്ല. ഏതു സർക്കാരായാലും അതിപ്പോൾ ബി.ജെ.പി. നേതൃത്വം നൽകുന്നതായാലും കോൺഗ്രസ് നേതൃത്വത്തിലുള്ളതായാലും സംസ്ഥാന സർക്കാരുകൾക്ക് പറയാനുള്ളത് കേൾക്കുക തന്നെ വേണം. അടിത്തട്ടിൽ കാര്യങ്ങൾ നടപ്പാക്കുന്നത് സംസ്ഥാനങ്ങളാണ്. പ്രാദേശിക തലത്തിലെ പ്രശ്നങ്ങൾ അവർക്കാണറിയുക. ഓരോ സംസ്ഥാനത്തിന്റെയും പ്രശ്നങ്ങൾ വ്യത്യസ്തമാണ്. എന്നാൽ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കവരാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഈ ലോക്ക്ഡൗണിൽനിന്നുയരുന്ന ഏറ്റവും ഹൃദയഭേദകമായ കാഴ്ച കുടിയേറ്റ തൊഴിലാളികളുടെ യാതനയാണ്. താങ്കൾക്ക് എന്താണ് പറയാനുള്ളത്? മനസ്സുലയ്ക്കുന്ന ദൃശ്യങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വരുന്നത്. നാലു മണിക്കൂർ മാത്രം മുൻകൂർ അറിയിപ്പ് നൽകി നടപ്പാക്കിയ ലോക്ക്ഡൗൺ വല്ലാത്ത ഭീതിയാണ് കുടിയേറ്റ തൊഴിലാളികളിൽ സൃഷ്ടിച്ചത്. പല സംസ്ഥാനങ്ങളും കുടിയേറ്റ തൊഴിലാളികളെ ആശ്വസിപ്പിക്കുന്നതിനും അവർക്ക് താമസ സൗകര്യവും ഭക്ഷണവും നൽകുന്നതിനും നടപടികളെടുത്തു. നിരവധി സ്ഥാപനങ്ങളും വ്യക്തികളും ഇതിൽ പങ്കാളികളായി. പക്ഷേ, ഭീതി ഇല്ലാതാക്കാനായില്ല. അതിന്റെ ഫലമായാണ് സ്വന്തം നാടുകളിലേക്കുള്ള അവരുടെ പലായനം തുടങ്ങിയത്. ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്നു കേന്ദ്ര സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. ഒരൊറ്റ വ്യക്തിയിലേക്ക് എല്ലാ അധികാരവും കേന്ദ്രീകരിക്കപ്പെടുന്നതുകൊണ്ടാണോ ഇതു സംഭവിക്കുന്നത്? സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് അതുമായി ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തേണ്ടതില്ല എന്ന നിലപാടിലേക്ക് കേന്ദ്ര സർക്കാർ എത്തുന്നത് ഈ പരിസരത്തിലാണോ? അധികാരത്തിൽ ആരായാലും ഈ രീതിയിലല്ല ഇന്ത്യ ഭരിക്കേണ്ടത്. ഇങ്ങനെയല്ല ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോവേണ്ടത്. നമ്മളെല്ലാവരും ഇന്ത്യക്കാരാണ്. പക്ഷേ, നമ്മുടെ പ്രശ്നങ്ങൾ പലതാണ്. അതു മനസ്സിലാവണമെങ്കിൽ പ്രാദേശിക തലത്തിലുള്ള ജനപ്രതിനിധികളുമായി ചർച്ച നടത്തുക തന്നെവേണം. പ്രാദേശിക തലത്തിൽ ചെലവാക്കാനായി എം.പിമാർക്കുള്ള ഫണ്ട് റദ്ദാക്കിയതും തികഞ്ഞ സ്വേച്ഛാധിപത്യപരമായ നടപടിയാണ്. വാസ്വത്തിൽ ഈ ഘട്ടത്തിൽ എം.പിമാർക്കും എം.എൽ.എമാർക്കുമുള്ള ഫണ്ട് വർദ്ധിപ്പിക്കുകയാണ് വേണ്ടത്. 2014-ൽ മോദി പ്രധാനമന്ത്രിയായി അധികാരമേൽക്കുമ്പോൾ താങ്കൾ രാജ്യസഭാ എം.പിയാണ്. ഇക്കഴിഞ്ഞ വർഷങ്ങളിൽ മോദിയെ അടുത്തുനിന്ന് നിരീക്ഷിക്കാൻ താങ്കൾക്കവസരമുണ്ടായിട്ടുണ്ട്. ഒരു നേതാവെന്ന നിലയിൽ മോദിയുടെ പരിണാമം എങ്ങിനെ വിലയിരുത്തുന്നു? ഒരു നേതാവിന്റെ പ്രവൃത്തികൾ വിലയിരുത്തേണ്ടത് ആ പ്രവൃത്തികൾകൊണ്ട് രാജ്യത്തിനെന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിച്ചുകൊണ്ടാണ്. ഒരു നേതാവ് മഹാനാകുന്നത് അദ്ദേഹം നയിക്കുന്ന രാജ്യം മഹത്വം കൈവരിക്കുമ്പോഴാണ്. മോദി ആരാണെന്നും എന്താണെന്നും ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ നമ്മോട് പറയുന്നുണ്ട്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെക്കുറിച്ചുള്ള വിലയിരുത്തൽ? കൂടുതലും വായ്പകളാണ്. താഴെത്തട്ടിലുള്ളവരുടെ കൈയ്യിലേക്ക് നേരിട്ട് പണമെത്തിക്കണമെന്ന ആവശ്യമാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞർ ഉയർത്തുന്നത്. ഡിമാന്റ് വർദ്ധിപ്പിക്കാൻ ഇതു കൂടിയേ തീരൂ. പക്ഷേ, ആ വഴിക്കുള്ള കാര്യമായൊരു ശ്രമവും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. അഭിജിത് ബാനർജി, പ്രഭാത് പട്നായിക്, രഘുറാം രാജൻ എന്നീ സാമ്പത്തിക ശാസ്ത്രജ്ഞരെല്ലാവരും തന്നെ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ ഇതിനു നേരെ കണ്ണടയ്ക്കുന്നത്? ദുരിതമനുഭവിക്കുന്ന ജനങ്ങളെ കാണാൻ കേന്ദ്രസർക്കാരിന് ആവുന്നില്ല. അവരുടെ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നവരെ കേൾക്കാനും ഭരണകൂടം തയ്യാറാവുന്നില്ല. തീർത്തും സങ്കടകരമായ സ്ഥിതിവിശേഷമാണിത്. ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകൾ കണ്ണുതുറന്ന് കാണാൻ സർക്കാരിനാവണം. തമിഴ്നാട്ടിലെ അവസ്ഥ എങ്ങിനെയുണ്ട്? വളരെ ദുഃഖകരമാണ്. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യാൻ തമിഴ്നാട് സർക്കാരിനായില്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെയാണ് തമിഴ്നാട് സർക്കാർ പിന്തുടരുന്നത്. പ്രതിപക്ഷത്തോട് ഒരു തരത്തിലുള്ള കൂടിയാലോചനയ്ക്കും എ.ഐ.എ.ഡി.എം.കെ. സർക്കാർ തയ്യാറല്ല. മുഖ്യമന്ത്രി ഇടപ്പാടി പഴനിസാമി തന്നിഷ്ടംപോലെയാണ് തീരുമാനങ്ങൾ എടുക്കുന്നത്. ചെന്നൈയിൽ കോയമ്പേട് മാർക്കറ്റ് നേരത്തെ തന്നെ അടച്ചിടാതിരുന്ന സർക്കാരിന്റെ പ്രവൃത്തിയാണ് കൊവിഡ് 19 വ്യാപനം വഷളാക്കിയത്. രണ്ടായിരത്തോളം പേർക്ക് ഇവിടെനിന്നാണ് രോഗം കിട്ടിയത്. താങ്കളുടെ മണ്ഡലമായ തൂത്തുക്കുടിയിൽ കാര്യങ്ങളെങ്ങിനെയുണ്ട്? ചെന്നൈയെ അപേക്ഷിച്ച് ഇവിടെ കാര്യങ്ങൾ കുറച്ച് ഭേദമാണ്. കൊവിഡ് 19 ബാധിതരുടെ എണ്ണം കുറവാണ്. സാമൂഹിക വ്യാപനമുണ്ടായിട്ടില്ല. ജില്ലയ്ക്കുള്ളിൽ കുറച്ചൊക്കെ സാധാരണ ജീവിതം സാദ്ധ്യമാവുന്നുണ്ട്. പക്ഷേ, ജനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. കഴിയുന്നത്ര മുൻകരുതലുകളെടുത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോവാനുളള ശ്രമമാണ് നടക്കുന്നത്. പ്രതിരോധ മരുന്ന് ഇനിയും കണ്ടുപിടിച്ചില്ലാത്തതിനാൽ വൈറസ് എപ്പോഴാണ് ഒഴിഞ്ഞുപോവുകയെന്ന് നമുക്കറിയില്ല. സാധാരണ ജീവിതം തിരിച്ചുപിടിക്കുക എന്നത് അതുകൊണ്ട് തന്നെഎളുപ്പമല്ല. ചെറുകിട, ഇടത്തരം വ്യവസായശാലകൾ മിക്കവാറും സ്തംഭനാവസ്ഥയിലാണ്. രാജ്യം ലോക്ക്ഡൗണിലായിട്ട് രണ്ടു മാസത്തോളമാവുന്നു. വ്യക്തിപരമായി ജീവിതം എങ്ങിനെയുണ്ട്? ഇതുവരെ ചെയ്യാൻ പറ്റാതിരുന്ന പല കാര്യങ്ങൾക്കും സമയം കിട്ടുന്നുണ്ട്. വീടിന്റെ പല ഭാഗങ്ങളും ശരിക്കൊന്നു വൃത്തിയാക്കാൻ, അലമാരയിൽ അലങ്കോലമായിക്കിടക്കുന്നതൊക്കെ ഒന്ന് നേരെയാക്കാൻ, വായിക്കണമെന്നു കരുതിയിരുന്ന ചില പുസ്തകങ്ങൾ വായിക്കാൻ- ഇതിനൊക്കെ സമയം കിട്ടുന്നുണ്ട്. പിന്നെ, ഇടയ്ക്കിടക്ക് ഞാൻ ചെന്നൈയിൽനിന്നും റോഡ്മാർഗ്ഗം എന്റെ മണ്ഡലമായ തൂത്തുക്കുടിയിലേക്ക് പോവും. അവിടെ ജനങ്ങൾക്കുവേണ്ടി ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഡി.എം.കെയുടെ മഹിളാ വിഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ലോക്ക്ഡൗണിൽ സംഭവിച്ച ഒരു കാര്യം കുടുംബങ്ങളിൽ സത്രീ പീഡനം വർദ്ധിച്ചതാണ്. നിരവധി പരാതികളാണ് ഞങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ടു ലഭിക്കുന്നത്. പീഡനത്തിനിരയാവുന്നവരുമായി സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രാഥമികമായും ചെയ്യുന്നത്. ബന്ധപ്പെട്ട അധികൃതർക്ക് പരാതി കൊടുക്കണമെങ്കിൽ അതിനവരെ സഹായിക്കും. ഈ പ്രതിസന്ധിഘട്ടത്തിൽ തങ്ങൾ തനിച്ചാണ് എന്നവർക്ക് തോന്നരുത്. തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കവിതകൾ താങ്കൾ ഒരു കാലത്ത് എഴുതിയിരുന്നു. ആ വഴിക്ക് ഒരു തിരിച്ചുപോക്ക് നടക്കുന്നുണ്ടോ? അങ്ങിനെ പറയാനാവില്ല. ഒന്നു രണ്ട് കവിതകൾ എഴുതുന്നുണ്ട്. അവ ഇനിയും പൂർണ്ണമായിട്ടില്ല. എപ്പോൾ പൂർത്തിയാക്കാനാവുമെന്ന് ഇപ്പോൾ പറയാനാവില്ല. ഈ ഘട്ടത്തിൽ ജനങ്ങളോട്, പൊതു സമൂഹത്തോട് എന്താണ് പറയാനുള്ളത്? നമ്മൾ നമ്മളിലുള്ള വിശ്വാസം കളയരുത്. ഇതിനു മുമ്പും പല പ്രതിസന്ധികളും നമ്മൾ അതിജീവിച്ചിട്ടുണ്ട്. ഇതും നമ്മൾ മറികടക്കും. പക്ഷേ, ജനങ്ങളുടെ ഈ പോരാട്ടത്തിൽ അവർക്കൊപ്പം നിൽക്കുന്ന ഒരു ഭരണകൂടം സുപ്രധാനമാണ്. Content Highlights:Central Government trying to ridicule the federal system of the country, says Kanimozhi


from mathrubhumi.latestnews.rssfeed https://ift.tt/2WDNs66
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages