ഇ വാർത്ത | evartha
പണി വരുന്നുണ്ടവറാച്ചാ: 400 രൂപയ്ക്കുള്ള മദ്യം 540 ആകും, ബിയറിന് 50 രൂപ വർദ്ധിക്കും
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മദ്യവില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. മദ്യനികുതി വർധിപ്പിച്ച് നിലവിൽ സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് നീക്കം നടക്കുന്നത്. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ അന്തിമതീരുമാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.
400 രൂപയിൽ കൂടുതൽ വില വരുന്ന മദ്യത്തിന് 35 ശതമാനം വില കൂട്ടാനാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിർദേശം. 400 രൂപയിൽ താഴെയാണെങ്കിൽ പത്ത് ശതമാനം നികുതിയാവും ഏർപ്പെടുത്തുക. ബീയറിനും പത്ത് ശതമാനം നികുതി ഏർപ്പെടുത്തും. വിദേശനിർമ്മിത വിദേശ മദ്യത്തിനൊഴികെ എല്ലാതരം മദ്യങ്ങൾക്കും വില കൂട്ടിയേക്കും.
മെയ് 17-ന് മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവിൽപന ആരംഭിക്കാൻ സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ മദ്യവിൽപന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓൺലൈൻ മദ്യവിൽപ്പനയ്ക്കുള്ള സാധ്യതയും സർക്കാർ പരിശോധിച്ചു വരികയാണ്. ഇതിനായുള്ള മൊബൈൽ ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താൻ കേരള സ്റ്റാർട്ടപ്പ് മിഷന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം ബാറുകൾ വഴി മദ്യം പാഴ്സലായി നൽകാൻ അനുമതി നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനായി അബ്കാരി ചട്ടഭേദഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകൾ മദ്യവിൽപന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവിൽപന തുടങ്ങാനാണ് നീക്കം.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3cvHwBI
via IFTTT
No comments:
Post a Comment