ഇടതു പക്ഷത്തിനു ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കൊല്ലം. കൊല്ലം ജില്ലയിലെ ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കൊല്ലം ലോക്സഭാ മണ്ഡലം. കയർ, കശുവണ്ടി, മത്സ്യബന്ധന തൊഴിലാളികളും തോട്ടം മേഖലയിൽ പണിയെടുക്കുന്നവരും വോട്ടർമാരിലെ പ്രബല വിഭാഗമാണ്. സാമുദായിക വോട്ടുകളുടെ കേന്ദ്രീകരണം സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങളെ നിർണ്ണയിക്കാൻ ശേഷിയുള്ള മണ്ഡലങ്ങളിലൊന്നാണ് കൊല്ലം. മണ്ഡലത്തിലെ ജയസാധ്യതകളെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ വിശകലനം ചെയ്യുന്നു. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള ലോക്സഭാ മണ്ഡലമാണെങ്കിലും കഴിഞ്ഞ പത്തു വർഷമായി യു.ഡി.എഫിനൊപ്പമാണ് കൊല്ലം. തീര പ്രദേശങ്ങളിലെ മണ്ഡലങ്ങളിൽ സിപിഎമ്മിന് ശക്തമായ സ്വാധീനമുണ്ട്. പുനലൂർ, ചടയമംഗലം, ചാത്തന്നൂർ എന്നിവടങ്ങളിൽ സിപിഐക്ക് ശക്തമായ വേരോട്ടമുണ്ടെന്നും ജയശങ്കർ പറയുന്നു. കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ ഏഴു നിയമസഭമണ്ഡലങ്ങളിലും ഇടതുപക്ഷത്തിനായിരുന്നു വിജയം. 2016 കണക്കിലെടുത്താൽ ഒന്നരലക്ഷത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷം മണ്ഡലത്തിൽ ഇടതുപക്ഷത്തിനുണ്ട്. എന്നാൽ പോലും കൊല്ലത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ശക്തമായ മത്സരം നേരിടേണ്ടി വരുമെന്നും ജയശങ്കർ പറയുന്നു. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച എൻ കെ പ്രേമചന്ദ്രൻ വളരെ ജനസമ്മതനായ ഒരു ജനപ്രതിനിധിയാണ്. മണ്ഡലത്തിൽ സ്ഥിരം സാന്നിധ്യമായ എൻ കെ പ്രേമചന്ദ്രൻ പാർലമെന്റേറിയൻ എന്ന നിലയിലും മികച്ച പ്രകടനം കഴിഞ്ഞ അഞ്ചുവർഷക്കാലം കാഴ്ചവെച്ചുവെന്നും ജയശങ്കർ പറയുന്നു. സിപിഎമ്മിനെ സംബന്ധിച്ച് ഈ വർഷം വിജയിച്ചേ മതിയാവൂ. കഴിഞ്ഞ തവണ ജയിക്കുമെന്നു കരുതിയ മണ്ഡലത്തിൽ എം എ ബേബിയുടെ പരാജയത്തോടെ പ്രേമചന്ദ്രൻ ഒരു ചെറിയ സ്ഥാനാർത്ഥിയല്ലെന്നത് സിപിഎം തിരിച്ചിറിഞ്ഞു കാണും. ഏറെ വർഷമായി മുടങ്ങിക്കിടന്ന കൊല്ലം ബൈപ്പാസ് ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ സാധിച്ചത് എൻ കെ പ്രേമചന്ദ്രൻ എം പി യുടെ നേട്ടമാണെന്നും മണ്ഡലത്തിലെ മറ്റ് വികസന പ്രവർത്തനങ്ങളിൽ പ്രേമചന്ദ്രൻ മികച്ച പ്രകടനം കാഴ്ചവെച്ചതു കൊണ്ടു തന്നെ ജനസമ്മതനായ പ്രേമചന്ദ്രൻ മത്സരിച്ചാൽ ഇടതുപക്ഷത്തിന് മണ്ഡലത്തിൽ നേരിടേണ്ടി വരിക ശക്തമായ പോരാട്ടമായിരിക്കുമെന്നും ജയശങ്കർ അഭിപ്രായപ്പെടുന്നു. ജനസമ്മതനായ സ്ഥാനാർത്ഥി ഒരു ഭാഗത്തും വളരെ ശക്തമായ സംഘടനാശക്തിയുമുള്ള ഒരു വിഭാഗം മറുഭാഗത്തും പോരാട്ടം നയിക്കുന്നു. ബിജെപിയെ സംബന്ധിച്ച് വലിയ സ്വാധീനമുള്ള മണ്ഡലമല്ല കൊല്ലം. അതേ സമയം കോൺഗ്രസിന് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ചെറിയ വിയോജിപ്പ് ഉണ്ട് കാരണം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു പ്രേമചന്ദ്രന് കഴിഞ്ഞ തവണ നൽകേണ്ടി വന്നത് എന്നതു തന്നെ. ഇടതുപക്ഷ സ്ഥാനാർത്ഥിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുൻ കൊല്ലം ജില്ലാ സെക്രട്ടറിയുമായ കെ. എൻ ബാലഗോപാൽ മത്സരിക്കുകയാണെങ്കിൽ മണ്ഡലത്തിൽ കനത്ത പോരാട്ടം ഉണ്ടാവുമെന്നും ജയശങ്കർ പറയുന്നു. എൻ.കെ പ്രേമചന്ദ്രനെ സംബന്ധിച്ച് നായർ സമുദായ പിന്തുണ ഉണ്ടെങ്കിലും എൻഎസ്എസ് പിന്തുണ പ്രേമചന്ദ്രന് ഇല്ല. അതേ സമയം കെ.എൻ ബാലഗോപാൽ ഇടതുപക്ഷ സ്ഥാനാർത്ഥിയാവുകയാണങ്കിൽ എൻ എസ് എസ് പിന്തുണ ബാലഗോപാലിന് ലഭിച്ചേക്കാം. കെ.എൻ. ബാലഗോപാലിന്റെ സഹോദരൻ കൊല്ലത്തെ എൻഎസ്എസിന്റെ പ്രധാന ഭാരവാഹിയാണ്. പ്രേമചന്ദ്രനെ സംബന്ധിച്ച് മുസ്ലീം ക്രിസ്ത്യൻ സമുദായത്തിന്റെ ശക്തമായ പിന്തുണ ഉണ്ടാകും. മുസ്ലിം സമുദായത്തിനിടയിൽ പ്രേമചന്ദ്രന് വലിയ സ്വീകാര്യതയുണ്ട്. ശബരിമല വിഷയത്തിൽ തുടക്കം മുതൽ സ്ത്രീ പ്രവേശനത്തെ എതിർത്ത ആർഎസ്പി നിലപാട് തിരഞ്ഞെടുപ്പിൽ നിർണായകമാവുമെന്നും ജയശങ്കർ പറയുന്നു. വിധി തന്നെ തെറ്റാണെന്ന് ആദ്യം പ്രതികരിച്ചയാൾ ഷിബു ബേബി ജോണായിരുന്നു. അനൗദ്യോഗികമായിട്ടാണെങ്കിലും എൻകെ പ്രേമചന്ദ്രന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് എത്തിയ ആദ്യമണ്ഡലമാണ് കൊല്ലം. യുഡിഎഫും എൽഡിഎഫും മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ബൈപ്പാസ് അടക്കം അഞ്ച് വർഷത്തിനിടെ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കൊല്ലത്തെ യുഡിഎഫ് നേതൃത്വം. തൊഴിലാളി വർഗ്ഗത്തിന് നിർണ്ണായക സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നായ കൊല്ലം ലോക്സഭാ മണ്ഡലം തിരിച്ച് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ സി.പി.എം നേതൃത്വം. സ്ഥാനാർത്ഥിക്കായുള്ള ചർച്ചകൾ എൽ.ഡി.എഫിൽ സജീവമായിരിക്കെ, ഉയർന്നുകേൾക്കുന്നത് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ ബാലഗോപാലിന്റെ പേരാണ്. ബാലഗോപാൽ സ്ഥാനാർത്ഥിയായാൽ പാർട്ടി സംവിധാനം ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കൊല്ലം കേന്ദ്രമായി പ്രവർത്തിക്കാൻ ബാലഗോപാലിനോട് സംസ്ഥാന നേതൃത്വം നിർദേശിച്ചതായും സൂചനയുണ്ട്. സെക്രട്ടേറിയറ്റ് അംഗം മത്സരിക്കേണ്ട എന്ന് തീരുമാനിച്ചാൽ കെ.വരദരാജന്റെ പേരും പരിഗണനയിൽ വരും. Content Highlights: K N Balagopal, N K Premachandran
from mathrubhumi.latestnews.rssfeed https://ift.tt/2EjuYyA
via
IFTTT
No comments:
Post a Comment