വ്രതംനോറ്റ് ഭക്തർ കാത്തിരുന്ന ആറ്റുകാൽ പൊങ്കാല ആരംഭിച്ചു. ക്ഷേത്രത്തിൽ തോറ്റംപാട്ടുകാർ പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം പാടിക്കഴിഞ്ഞതോടെ ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി എൻ. വിഷ്ണു നമ്പൂതിരിക്ക് കൈമാറി. തുടർന്ന് ഈ ദീപം ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിക്കാനായി കൊണ്ടുപോയി. ഇതേ ദീപം ഉപയോഗിച്ച് വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശം തയ്യാറാക്കിയ പണ്ടാര അടുപ്പിലും തീ പകർന്നതോടെ ഒരാണ്ടായി ഭക്തർ കാത്തിരുന്ന പൊങ്കാലയ്ക്ക് തുടക്കമായി. പണ്ടാര അടുപ്പിൽ നിന്ന് പകർന്നുകിട്ടിയ ദീപം ഭക്തർ പരസ്പരം കൈമാറി പൊങ്കാലയ്ക്കായി തയ്യാറാക്കിയ തങ്ങളുടെ അടുപ്പുകളിലേക്ക് പകർന്നു. ഒരാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പൊങ്കാലയടുപ്പുകൾ എരിയുമ്പോൾ പെൺമനസ്സുകൾക്ക് ദേവീചൈതന്യത്തിന്റെ സായുജ്യം. ഒപ്പം ഏവർക്കും ഓടിനടന്ന് സഹായമേകി തലസ്ഥാനനഗരത്തിന്റെ ആതിഥ്യമര്യാദയും. ഉച്ചയ്ക്ക് 2.15-നാണ് പൊങ്കാല നിവേദ്യം. നിവേദ്യത്തിനായി 250 ഓളം ശാന്തിമാരെ വിവിധ മേഖലകളിൽ നിയോഗിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 7.30-ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. 815 ബാലൻമാരാണ് കുത്തിയോട്ടത്തിന് വ്രതം നോക്കുന്നത്. രാത്രി 11.15-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. ചെർപ്പുളശ്ശേരി അനന്തപദ്മനാഭൻ എന്ന കൊമ്പൻ ദേവിയുടെ തിടമ്പേറ്റും. കുത്തിയോട്ടം, സായുധ പോലീസ്, പഞ്ചവാദ്യം, കലാരൂപങ്ങൾ എന്നിവ അകമ്പടിയേകും. വ്യാഴാഴ്ച പുലർച്ചെ മണക്കാട് ശാസ്താക്ഷേത്രത്തിൽ ഇറക്കി പൂജയ്ക്ക് ശേഷം മടക്കയെഴുന്നള്ളത്ത്. രാവിലെ 8-ന് അകത്തെഴുന്നള്ളിപ്പ്. രാത്രി 9.15-ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. 12.15-ന് നടക്കുന്ന കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും. Content highlights:Attukal ponkala begins, Devotees in Spiritual mind
from mathrubhumi.latestnews.rssfeed https://ift.tt/2tsOm5X
via
IFTTT
No comments:
Post a Comment